Movies
മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. ഇരുവർക്കുമിടയിലെ ഊഷ്മളമായ സൗഹൃദം വിളിച്ചോതുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവച്ചത്.
തന്റെ ഫോണിന്റെ ഗ്യാലറിയിൽ ഏറെ നാളായി അതീവ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് കലക്കി, ഒരു ഉമ്മ തന്നേക്ക്...എന്ന് പിഷാരടി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കം. ഉടൻ തന്നെ കാറിന്റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി, രമേശ് പിഷാരടിയുടെ കവിളിൽ സ്നേഹത്തോടെ ചുംബിക്കുകയായിരുന്നു.
"ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗാലറിയിൽ ഇതിങ്ങിനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു' എന്ന രസകരമായ കുറിപ്പോടെയാണ് പിഷാരടി ഈ സുന്ദര നിമിഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
National
മുംബൈ: സ്ത്രീകൾ മദ്യപിക്കുന്നതും അടിപിടിയുണ്ടാക്കുന്നതുമെല്ലാം പുതിയ സംഭവമല്ല. ഇത്തരത്തിലുള്ള നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞദിവസം മുംബൈയിൽ നടന്ന സംഭവം, ഒരു വല്ലാത്ത സംഭവമായിപ്പോയി!
കല്യാണിലുള്ള ബാറിലാണു സംഭവം. ആളുകൾ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. തീൻമേശയ്ക്കടിയിലാണ് യുവതി മൂത്രമൊഴിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ദൃശ്യങ്ങൾ പകർത്തിയത്. മറ്റുള്ളവർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നും തൊട്ടടുത്തു ശുചിമുറിയുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച സ്ത്രീ വിളിച്ചുപറയുന്നുണ്ടെങ്കിലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
യുവതിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ മാനേജരും മറ്റുള്ളവരും ഇടപെട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുസ്ഥലത്ത് ഇത്തരമൊരു മോശം പ്രവൃത്തി ചെയ്തിട്ടും മാപ്പ് പറയാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൊതുജനാരോഗ്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരേ പലരും രൂക്ഷമായി പ്രതികരിച്ചു. എന്നാൽ, യുവതി ചെയ്തത് തെറ്റാണെങ്കിലും അവരുടെ വീഡിയോ ഇത്തരത്തിൽ പരസ്യമാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മാനസികപീഡനത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിട്ടുണ്ട്.
Movies
വിഷുവിന് പടക്കം പൊട്ടിച്ച് പേടിച്ച് വീഴുന്ന ഒരു അച്ഛന്റെ വീഡിയോ സമൂഹമധ്യമങ്ങളിൽ ഹിറ്റായിരുന്നു. അന്നു മുതൽ എന്ന് പടക്കം പൊട്ടിച്ചാലും ഈ ആളുടെ വീഡിയോ പങ്കുവയ്ക്കുമായിരുന്നു.
ഇതുവരെ ആ വീഡിയോ കണ്ട് പൊട്ടിച്ചിരുന്നവരായിരുന്നു നമ്മളിലധികവും. എന്നാൽ വാഴ 2 ഇറങ്ങിയതോടെ ചിരിച്ചുകൊണ്ട് നമുക്ക് ആ വീഡിയോ കാണാനാകില്ല. ഇപ്പോഴിതാ ആ വീഡിയോയിലെ അച്ഛൻ വാഴയിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച ബിജുക്കുട്ടനെ തേടിയെത്തിയിരിക്കുകയാണ്.
ബിജുക്കുട്ടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
''ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിറെയും വിഷുദിന ആശംസകൾ. വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ.
ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.
വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.
'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വിഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എന്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞു കൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫംഗ്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു.
ആ വിഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.
പക്ഷേ സിനിമ കണ്ടിറങ്ങിയ എന്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.
ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.
തന്റെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു.
അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടു മൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.
ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ. ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.''
Kerala
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല് മീഡിയയില് പ്രചരിപ്പിച്ച സംഭവത്തില് ഷിംജിത മുസ്തഫയ്ക്കെതിരെ പുതിയ പരാതി കൂടി. ഷിംജിത പകര്ത്തിയ വീഡിയോയില് ഉള്പ്പെട്ട സഹയാത്രക്കാരിയായ പെണ്കുട്ടിയാണ് തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള് പകര്ത്തിയതിനും പ്രചരിപ്പിച്ചതിനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ദീപക്കിന്റെ ദൃശ്യങ്ങള് പകര്ത്തുന്നതിനിടയില് തന്റെ മുഖവും ഷിംജിത വീഡിയോയില് ഉള്പ്പെടുത്തിയിരുന്നു. ഇത് തന്റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മാനഹാനി ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കണ്ണൂര് സ്വദേശിനിയായ പെണ്കുട്ടിയാണ് കണ്ണൂര് സൈബര് പോലീസില് പരാതി നല്കിയത്.
സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ ഉടന് നീക്കം ചെയ്യണമെന്നും പരാതിയില് ആവശ്യപ്പെടുന്നുണ്ട്. ദീപക്കിന്റെ ആത്മഹത്യയെത്തുടര്ന്ന് ഈ വീഡിയോ വീണ്ടും ചര്ച്ചയായതോടെയാണ് പെണ്കുട്ടി പരാതിയുമായി എത്തിയത്.
അതേസമയം, ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില് റിമാന്ഡില് കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. ബസിലെ സിസിടിവി ദൃശ്യങ്ങള് ഉള്പ്പെടെയുള്ള തെളിവുകള് പോലീസ് കോടതിയില് ഹാജരാക്കും.
Kerala
കോഴിക്കോട്: ബസിനുള്ളില് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില് വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില് ദീപക് (42) ജീവനൊടുക്കിയ സംഭവത്തില് വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല് കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്ക്കു നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റാര്ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓള് കേരള മെന്സ് അസോസിയേഷനു വേണ്ടി രാഹുല് ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല് മീഡിയ ഇന്ഫ്ളൂവന്സറും പൊതുപ്രവര്ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര് താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള് സാമൂഹിക മാധ്യമങ്ങളില് പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോ പിൻവലിച്ചു
ദീപക്കിന്റെ മരണത്തില് പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം അക്കൗണ്ടുകള് പ്രൈവറ്റാക്കി പിന്വലിഞ്ഞു. അക്കൗണ്ടുകളില്നിന്നു വീഡിയോ പിന്വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര് ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്റെ മരണ ശേഷവും തന്റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
കുടുംബത്തിന്റെ ആശ്രയം
കണ്ണൂര് പയ്യന്നൂരില് ബസില് യാത്ര ചെയ്യുമ്പോള് ദീപക് ദുരുദ്ദേശ്യത്തോടെ തന്റെ ശരീരത്തില് സ്പര്ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില് മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്ഥമാണ് കണ്ണൂരില് എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്റെ മരണത്തോടെ മാതാപിതാക്കള്ക്ക് ആശ്രയമില്ലാതായി.
പരാതി പറഞ്ഞെന്നും ഇല്ലെന്നും
ബസില് അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില് പരാതി നല്കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില് വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്, ഇക്കാര്യം തങ്ങള്ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില് ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള് ദീപക്കിന്റെ കുടുംബത്തെ സന്ദര്ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറും പൊതുപ്രവര്ത്തകയുമായ യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ സൈബർ ആക്രമണം കടുത്തു. മാനക്കേട് കാരണം കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫാമുകളില് കടുത്ത സൈബര് ആക്രമണം നടക്കുന്നത്.
പാവപ്പെട്ട യുവാവിനെ കൊലയ്ക്കു കൊടുത്തുവെന്ന് ആരോപിച്ചു പ്രമുഖ സോഷ്യല് മീഡിയ താരങ്ങളും ജനപ്രതിനിധികളും സെലിബ്രിറ്റികളും യുവതിക്കെതിരേ രംഗത്തുവന്നതോടെ അവര് ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള് പ്രൈവറ്റാക്കി.
കല്പ്പറ്റ എംഎല്എ ടി. സിദീഖ്, നടിയും ഡബിംഗ് ആര്ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, രാഹുല് ഈശ്വര്, മെന്സ് അസോസിയേഷന് പ്രതിനിധി അജിത് തുടങ്ങിയവര് യുവതിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമര്ശിച്ചിരിക്കുന്നത്. സംഭവത്തില് യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള് ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്ഷവുമെന്നാണ് പരാതിയില് പറയുന്നത്. അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല് കോളജ് പോലീസിന്റെ നീക്കം.
Kerala
കോഴിക്കോട്: ബസിനുള്ളില് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില് യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില് നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. ഇനി മറ്റാര്ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല് ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.
സംഭവത്തില് യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള് ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്ഷവുമെന്നാണ് പരാതിയില് പറയുന്നത്. പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല് കോളജ് പോലീസിന്റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ബസില് വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് പ്രചരിച്ചതില് മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.
ബന്ധുക്കൾ രംഗത്ത്
വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്ഷത്തില് ആയിരുന്നുവെന്നും ബന്ധുക്കള് ആരോപിച്ചു. വീട്ടില് അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്ക്കാത്തതിനെത്തുടര്ന്നു വീട്ടുകാര് വാതിലില് മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്ന്ന് നാട്ടുകാര് ചേര്ന്നു വാതില് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില് ദീപക്കിനെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്ത്തിക്കുന്നത്. പൊതുപ്രവര്ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല് മീഡിയയിലൂടെ ആരോപണം ആവര്ത്തിച്ചിരുന്നു. ഇവര്ക്കെതിരേ കടുത്ത സൈബര് ആക്രമണമാണ് നടക്കുന്നത്.
Movies
സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. യുവാവിന്റെ മരണത്തിൽ വീഡിയോ പ്രചരിപ്പിച്ച സ്ത്രീയും അവരുടെ വീഡിയോയ്ക്ക് താഴെ അയാളെ തെറി വിളിച്ചവരും ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ടെന്ന് അവർ പറയുന്നു.
‘‘ബസിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വിഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു.
ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത് പ്രകടമാകും. പക്ഷേ ഈ വീഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർഥത്തിൽ ഉദ്ദേശിച്ചത്?
ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്ടമായാൽ, അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണ്. ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ /വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു.
അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി.’’ ഭാഗ്യലക്ഷ്മി പറയുന്നു.
Viral
ഇന്ന് കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ സമൂഹ മാധ്യമങ്ങളിലെ താരമാണ്. ജീവിതത്തിലെ ഓരോ നിമിഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നവരാണ് ഇവരിൽ പലരും. അതിൽ ഡേ ഇൻ മൈ ലൈഫ്, ഗെറ്റ് റെഡി വിത്ത് മീ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമുണ്ട്. സമൂഹമാധ്യമ ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുന്നത് ഡൽഹിയിൽ നിന്നുള്ള ഒരു മൂന്നു വയസുകാരിയാണ്.
അക്ഷ്വി മാത്തൂർ എന്നാണ് പെൺകുട്ടിയുടെ പേര്. അവൾ ഒരു കല്യാണത്തിനു പോകാൻ ഒരുങ്ങുകയാണ്. അതാണ് അവൾ "ഗെറ്റ് റെഡി വിത്ത് മീ' എന്ന വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ഞ് അക്ഷ്വിയുടെ ഭംഗിയും ആത്മവിശ്വാസവുമാണ് ആളുകളെ ആകർഷിച്ചിരിക്കുന്നത്.
@themini_influencer എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ആദ്യം ഒരു പിങ്ക് കളർ ഫ്രോക്കിലാണ് അക്ഷ്വി പ്രത്യക്ഷപ്പെടുന്നത്. ഇന്നൊരു കല്യാണത്തിന് പോകുകയാണെന്നും അതിനായി ഒരുങ്ങാമെന്നും പറയുന്ന അവൾ ധരിക്കാനുദ്ദേശിക്കുന്ന ലെഹങ്ക അതിന്റെ ബ്ലൗസ്, വളകൾ, ദുപ്പട്ട, കുഞ്ഞിച്ചെരുപ്പ് എന്നിവയെല്ലാം അവൾ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. നിഷ്കളങ്കമായ ചിരിയോടെയാണ് അവൾ ഇതെല്ലാം പറയുന്നത്.
പിന്നെ ഓരോന്നായി ധരിച്ച് കല്യാണത്തിനു പോകാനുള്ള ലുക്കിലാണ് എത്തുന്നത്. വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏകദേശം 7.4 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. കുഞ്ഞിനെ പ്രശംസിച്ചാണ് കമന്റുകളിൽ അധികവും. "ക്യൂട്ട് ഫാഷൻ ഇൻഫ്ലുവൻസർ' എന്നാണ് ഒരു കമന്റ്. ആകർഷകമായ ഭാവങ്ങൾ, പെരുമാറ്റം എന്നിവയെല്ലാം ആളുകളെ ആകർഷിച്ചിട്ടുണ്ട്.